KERALA NEWS TODAY – ചങ്ങനാശേരി : സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന കേരളത്തിലെ ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്നും അതിൽ വിട്ടുവീഴ്ചയ്ക്കു മാർഗമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം.
‘‘ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്. ഏതു മതത്തിന്റെ കാര്യമാണെങ്കിലും വിശ്വാസത്തിൽ കവിഞ്ഞ് ഒരു ശാസ്ത്രവും ഇന്ന് ഇവിടെ നിലനിൽക്കുന്നില്ല.
സ്പീക്കർ രാജിവയ്ക്കണമെന്നു പറഞ്ഞില്ല. മാപ്പു പറയണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം സർക്കാർ നടപടി സ്വീകരിക്കണമെന്നുമാണു പറഞ്ഞത്.
സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ല. അബദ്ധം പറ്റിയെന്നു സമ്മതിച്ചു മാപ്പു പറയണം’’– സുകുമാരൻ നായർ ആവശ്യപ്പെട്ടു.
ഹിന്ദു സംഘടനകൾ, ആർഎസ്എസ്, ബിജെപി, മറ്റു രാഷ്ട്രീയ പാർട്ടികൾ എല്ലാംതന്നെ സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
അവരോടൊപ്പം എൻഎസ്എസും യോജിച്ചുപ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷംസീറിന്റെ പരാമർശത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണമെന്നു വൈകിട്ടു പ്രസ്താവനയിൽ സുകുമാരൻനായർ ആവശ്യപ്പെട്ടു.
സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണ്. എം.വി.ഗോവിന്ദന്റേത് പാർട്ടി നിലപാടായേ കാണുന്നുള്ളൂ. സർക്കാരിന്റെ നിലപാടും ഇതേ രീതിയിലാണെങ്കിൽ സമാധാനപരവും പ്രായോഗികവുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും പറഞ്ഞു.