KERALA NEWS TODAY – തിരുവനന്തപുരം: കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന് കേസ്.
പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ല.
ആരേയും പ്രതി ചേര്‍ത്തിട്ടുമില്ല. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ മൈക്കും ആംപ്ളിഫയറും പിടിച്ചെടുത്തു.
കേരള പോലീസ് ആക്ട് പ്രകാരം മനപ്പൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ്.
മൈക്കിനുണ്ടായ തകരാര്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷാഫി പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് പണിമുടക്കിയത്. അതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. തകരാര്‍ പരിഹരിച്ചശേഷം പ്രസംഗം തുടര്‍ന്നു.