KERALA NEWS TODAY – ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതിയും ആരാഞ്ഞു.
അടിയന്തിര ചിക്ത്സയ്ക്ക് വിധേയനാകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ശിവശങ്കറിന്റെ ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് കൂടുതല്‍ സമയം തേടിയത്.
ശിവശങ്കറിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യുറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണെന്നാണ് ഇ.ഡിയുടെ വാദം.
എന്നാല്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയില്‍ മാത്രമേ ഉള്ളുവെന്നാണ് ശിവശങ്കറിന്റെ വാദം.
എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, അഭിഭാഷകന് മനു ശ്രീനാഥ് എന്നിവര്‍ ഹാജരായി