Kerala News Today-കോട്ടയം: ട്രെയിന്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷിനെയാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തിങ്കളാഴ്ച രാത്രി നിലമ്പൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ആലുവയിൽ വെച്ചാണ് സംഭവം. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. ട്രെയിൻ കയറ്റിവിടാനെത്തിയ പിതാവ് മകൾ ഒറ്റക്കാണ് ശ്രദ്ധിക്കണമെന്ന് ടിടിഇയോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചതെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ ആദ്യം പിൻമാറി. എന്നാൽ വീണ്ടും ശല്യംചെയ്യാൻ തുടങ്ങിയതോടെ യുവതി തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലേക്കും റെയിൽവേ പോലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ പോലീസിനോട് തിരുവനന്തപുരം റെയിൽവേ സൂപ്രണ്ട് നിർദേശിച്ചു. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Kerala News Today