Kerala News Today-തിരുവനന്തപുരം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല താനെന്നും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നതെന്നും ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ലെന്നും ഇ പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. താൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയുള്ള യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ സമ്മേളനത്തിൽ തനിക്ക് ശരി എന്നു തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിൻ്റെ മേൽ ആണ് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന ഫിറോസ് തനിക്ക് സംഘിപ്പട്ടം ചാർത്തി തന്നതെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഫിറോസ് കുന്നുംപറമ്പിലും അദ്ദേഹത്തിൻ്റെ ചില വെട്ടുകിളികളും എനിക്കെതിരേ എന്തൊക്കെയോ പറഞ്ഞതായി അറിയാൻ കഴിഞ്ഞു.സംഘടനാപരമായ തിരക്കുകളും താനൂരിൽ ഉണ്ടായ അപകടവും എല്ലാം കാരണം എനിക്ക് ആ വിഷയത്തിലെ എൻ്റെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നു. ഞാൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയുള്ള യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ സമ്മേളനത്തിൽ എനിക്ക് ശരി എന്നു തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിൻ്റെ മേൽ ആണ് തവനൂരിലെ യു ഡി എഫ് സ്ഥാനാർഥി ആയിരുന്ന ഫിറോസ് എനിക്ക് സംഘിപ്പട്ടം ചാർത്തി തന്നത്.
കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഒരാളോട് എനിക്ക് എൻ്റെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത എനിക്കില്ല. ഞാൻ ഈ പാർട്ടിയോടുള്ള കടമ തിരഞ്ഞെടുപ്പിൽ നിരവേറ്റിയിട്ടുണ്ട്. ഫിറോസിന് പകരം എൻ്റെ പാർട്ടി ആരെ നിയോഗിച്ചാലും ഞാൻ എൻ്റെ ജോലി ചെയ്യും. ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല ഞാൻ. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നത്.
ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ല. സമൂഹ മാധ്യമങ്ങളിലെ എൻ്റെ സുഹൃത്തുക്കളോട് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എൻ്റെ പിതാവ് എനിക്ക് രാജീവ് എന്ന് പേരിട്ടത് തന്നെ കോൺഗ്രസിനോടും രാജീവ് ഗാന്ധിയോടുമുള്ള ഇഷ്ടം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാൻ ജനിച്ച മുതൽക്കേ കോൺഗ്രസ് ആണ്. മരണം വരെയും അങ്ങനെ ആയിരിക്കും. കാലം കാത്തു വെച്ച നിധിയായ ഇക്ക തൽകാലം ഇക്കാടെ പണി നോക്ക്.
കൂടെ നിന്നവർക്ക് നന്ദി ♥️
ഇ പി രാജീവ്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
Kerala News Today