Latest Malayalam News - മലയാളം വാർത്തകൾ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് തലസ്ഥാനത്തെ യുദ്ധക്കളമാക്കി.

KERALA NEWS TODAY – തിരുവനന്തപുരം : പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് മണിക്കൂറുകളോളം തലസ്ഥാനത്തെ യുദ്ധക്കളമാക്കി.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
അറസ്റ്റു ചെയ്തുനീക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മോചിപ്പിക്കുകയും ചെയ്തു.

പോലീസ് വാഹനങ്ങളും നവകേരള യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിച്ചു. അഞ്ചുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി. ഡി.സി.സി. ഓഫീസില്‍ക്കയറി പ്രതിഷേധക്കാരെ പിടികൂടാന്‍ പോലീസ് ശ്രമിച്ചതും സംഘര്‍ഷം വര്‍ധിപ്പിച്ചു. സംഘര്‍ഷത്തിനിടെ വനിതാപ്രവര്‍ത്തകയുെട വസ്ത്രംകീറീ.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
‘മുഖ്യമന്ത്രി ഗുണ്ടയോ’ എന്ന ബാനര്‍ സ്ഥാപിക്കുകയും ചെയ്തു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിനുപിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
പോലീസിന് നേരെ കനത്ത കല്ലേറും കുപ്പിയേറുമുണ്ടായി.
ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പല തവണ പോലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.
അറസ്റ്റുചെയ്ത് വാനിനുള്ളില്‍ കയറ്റിയ പ്രവര്‍ത്തകനെ മറ്റുള്ളവരെത്തി വാഹനത്തിന്റെ ജനാല വഴി പുറത്തിറക്കി. ചില്ലും അടിച്ചുതകര്‍ത്തു.
പോലീസിനെ ആക്രമിച്ചവരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിലേക്ക് ഓടിക്കയറി ഷട്ടറിട്ടു.
പോലീസ് ഇവരെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധം തീര്‍ത്തു. പുരുഷ പോലീസ് വനിതാ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായി.

വനിതാ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതപക്ഷ നേതാവ് വി.ഡി.
സതീശന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ., രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെത്തി പോലീസിനെ തടഞ്ഞു. പോലീസ് പിടികൂടാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് മാറ്റി.

സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.കെ. ഷിബിന ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ പുരുഷ പോലീസ് അതിക്രമമുണ്ടായതായും പരാതി.
ഷിബിനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വനിതകളെ ആക്രമിച്ച എസ്.ഐ.ക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനും പരിക്കേറ്റു.
ചിറയിന്‍കീഴ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആന്റണി സിനുവിന്റെ തലയ്ക്കുപിന്നില്‍ അടിയേറ്റുപൊട്ടി.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം അടിയേറ്റ് തളര്‍ന്നുവീണു.
മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അമല്‍ തേനാംപറമ്പിലിനും മാതൃഭൂമി ഓണ്‍ലൈന്‍ കാമറാമാന്‍ പ്രവീണ്‍ ദാസിനും പരിക്കേറ്റു.
സെക്രട്ടേറിയറ്റിന് മുന്നിലെ സംഘര്‍ഷത്തിന് നേതൃത്വംനല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടാന്‍ ഡി.സി.സി. ഓഫീസിന് ഉള്ളില്‍ പോലീസ് കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.

Leave A Reply

Your email address will not be published.