OBITUARY NEWS KOZHIKKODE:പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 85 വയസായിരുന്നു. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ എം.എ.മിനിയുടെ വീട്ടിലായിരുന്നു താമസം. മകൻ അരുൺ മാറോളി അമേരിക്കയിൽ ജോലി ചെയ്യുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമിയുടെ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച അവർ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു.
1939 ഓഗസ്റ്റ് 28ന് വെള്ളിമുകുന്നിൽ ആയിരട്ടുന്നു വത്സലയുടെ ജനനം. കാഞ്ഞിരത്തിങ്കൽ എൽപി സ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. അധ്യാപന കാലത്താണ് അപ്പുക്കുട്ടിയെ പരിചയപ്പെടുന്നത്. വിവാഹശേഷം ദമ്പതികൾ വയനാട്ടിലേക്ക് താമസം മാറ്റി. അവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന നിരൂപക പ്രശംസ നേടിയ ‘നെല്ല്’ എന്ന കൃതിയുടെ പശ്ചാത്തലമായിരുന്നു അത്. പിന്നീട് രാമു കാര്യാട്ട് ‘നെല്ല്’ സിനിമയാക്കിയപ്പോൾ വത്സല തിരക്കഥയെഴുതി.