NATIONAL NEWS – ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന സില്‍കാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്.
ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്താന്‍ ഇനി 5-6 മീറ്റര്‍ കൂടി തുരന്നാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു.
57 മീറ്റര്‍ ആണ് തൊഴിലാളികള്‍ക്കടുത്തേക്കുള്ള ദൂരം.
ഇതില്‍ 51.5 മീറ്റര്‍ ദൂരം നിലവില്‍ പിന്നിട്ടു. ഇതോടെ അധികംവൈകാതെ തന്നെ മുഴുവന്‍ പേരേയും പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
‘കഴിഞ്ഞ ദിവസം രാത്രി കാര്യങ്ങള്‍ നല്ല രീതിയില്‍ നടന്നു. തുരങ്കത്തിനുള്ളില്‍ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശുഭകരമാണ്. ഇതുവരെ 50 മീറ്റര്‍ പിന്നിട്ടു.
ഇനി 5-6 മീറ്റര്‍ ദൂരം കൂടി മാത്രമേ തുരക്കാനുള്ളു’, സംഭവസ്ഥലത്തുള്ള മൈക്രോ ടണലിങ്ങ് വിദഗ്ധന്‍ ക്രിസ് കൂപ്പര്‍ പറഞ്ഞു.
തുരങ്കത്തില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡുകള്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും നീക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ദ്രുതഗതിയില്‍ പുരോഗമിച്ചത്.
80 സെന്റീമീറ്റര്‍ വ്യാസമുള്ള ഇരുമ്പ് പൈപ്പിനുള്ളിലേക്ക് റാറ്റ് ഹോള്‍ മൈനേഴ്സിന്റെ വിദഗ്ധസംഘം കടന്നെത്തി തടസ്സങ്ങള്‍ നീക്കുന്ന മാനുവല്‍ ഡ്രില്ലിങ് ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ഇനി 5-6 മീറ്റര്‍ ദൂരം കൂടിയേ പൈപ്പ് നീക്കാനുള്ളുവെങ്കിലും ഇതിന് എത്ര സമയമെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.