Latest Malayalam News - മലയാളം വാർത്തകൾ

സ്കൂള്‍ മുറ്റത്ത് കാട്ടുപോത്ത്, വളര്‍ത്തുമൃഗങ്ങളെ കൊന്ന് പുലിയും കടുവയും; ഇതെന്ത് നാട്!

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: വന്യമൃഗങ്ങളെ കൊണ്ടുള്ള ശല്യം തീര്‍ന്ന മട്ടില്ലെന്ന് പറയാം. ഇന്ന് മാത്രം കേരളത്തില്‍ വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ അഞ്ചോളം വളര്‍ത്തുമൃഗങ്ങളെയാണ് വന്യമൃഗങ്ങള്‍ ആക്രമിച്ച് കൊന്നിരിക്കുന്നത്.
ഇതൊന്നും പോരാഞ്ഞ് വയനാട് എരുമക്കൊല്ലി ജിയുപി സ്കൂള്‍ മുറ്റത്ത് കാട്ടുപോത്ത് വന്നതും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് സ്കൂള്‍ മുറ്റത്ത് കാട്ടുപോത്ത് വന്നുനിന്നത്. ഏറെ നേരം സ്കൂള്‍ മുറ്റത്തും ചുറ്റുപാടും കാട്ടുപോത്ത് ചുറ്റിപ്പറ്റി തുടര്‍ന്ന ശേഷമാണ് ഇത് തിരിച്ചുപോയത്. കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലുമെല്ലാം ഇത് വലിയ ആശങ്കയാണുണ്ടാക്കിയത്. തൃശൂർ പാലപ്പിള്ളി കുണ്ടായിയില്‍ രണ്ടാഴ്ച മുമ്പ് പുലിയുടെ ആക്രമണത്തിന് ഇരയായ പശുവിനെ വീണ്ടും പുലി ആക്രമിച്ച് കൊന്നുവെന്നതാണ് മറ്റൊരു വാര്‍ത്ത. വീട്ടുകാരുടെ തോട്ടത്തില്‍ തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. വയനാട്ടില്‍ തന്നെ മീനങ്ങാടിയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി മൂന്ന് ആടുകളാണ് ചത്തത്. പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്.കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പശുക്കടവില്‍ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന പരാതിയും വന്നിട്ടുണ്ട്. ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണത്രേ വീട്ടുകാര്‍ വീടിന് പിറകില്‍ കെട്ടിയിട്ട നായയുടെ ശരീരം കണ്ടെത്തിയത്. വീട്ടുകാര്‍ വീട്ടിലില്ലാതിരുന്ന സമയത്ത് പുലിയെത്തി ആക്രമിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. മനുഷ്യവാസപ്രദേശങ്ങളില്‍ വന്യമൃഗങ്ങളിറങ്ങി ആക്രമണം അഴിച്ചുവിടുന്നതും മനുഷ്യരുടെ സ്വൈര്യവാസത്തിനും ഭീഷണിയാകുന്നതും പുതിയ കാര്യമല്ല. പക്ഷേ അടുത്തകാലത്തായി കേരളത്തില്‍ പലയിടങ്ങളിലും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിരുകടന്ന നിലയിലേക്കായിട്ടുണ്ട്.മനുഷ്യര്‍ക്ക് നേരെയുള്ളതോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ളതോ കൃഷിക്ക് നേരെയുള്ളതോ ആയ വന്യമൃഗ ആക്രമണം നോരിട്ടും അല്ലാതെയും മനുഷ്യനെ തന്നെയാണ് ബാധിക്കുന്നത്. ഇങ്ങനെ പോയാല്‍ നാട് മൃഗങ്ങളുടെ കയ്യിലിരിക്കുമെന്ന നിലയിലാണ് ഇടുക്കിയിലും വയനാട്ടിലുമെല്ലാമുള്ള വിവിധ പ്രദേശങ്ങളിലെ മലയോരജനത.

Leave A Reply

Your email address will not be published.