KERALA NEWS TODAY – തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാവിജയനും സി.എം.ആര്‍.എല്‍ കമ്പനി പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സഹായം കിട്ടാനാണെന്ന് മാത്യൂകുഴല്‍നാടന്‍ എം.എല്‍.എ.
വീണാവിജയന് സി.എം.ആര്‍.എല്‍ കമ്പനി മാസപ്പടി എന്തിനുനല്‍കി എന്നതിനുള്ള ഉത്തരമാണിത്.
വര്‍ഷങ്ങളോളം സി.എം.ആര്‍.എല്ലിന് കരിമണല്‍ ഖനനം ചെയ്യാനായി എല്ലാ നിയമങ്ങളും മാറ്റിയെന്നും മൂന്നുവര്‍ഷമായി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടക്കുന്നതായും എം.എല്‍.എ ആരോപിച്ചു.
ഏകദേശം 90 കോടിയോളം രൂപയാണ് വിവിധ രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ കമ്പനി സംഭാവന നല്‍കിയത്.
ഇതില്‍ വലിയൊരു ശതമാനം തുക കിട്ടിയത് മുഖ്യമന്ത്രിക്കും മകള്‍ക്കുമാണ്.
സി.എം.ആര്‍.എല്ലും വീണാവിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ രണ്ടരമാസമായിട്ടും നടപടിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ച എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരേയാണ് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു.
തുടര്‍ന്ന് കേസ് നിലനില്‍ക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമികസ്‌ക്യൂരിയെ നിയോഗിച്ചു.
കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.