NATIONAL NEWS- ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുന്നോട്ടുപോകവെ, ഇതേ മാതൃകയിലാകും കേന്ദ്ര സർക്കാർ ഇന്ത്യയിലാകെ ഏക സിവിൽ കോഡ് നടപ്പാക്കുകയെന്നു സൂചന.
റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഉത്തരാഖണ്ഡ് സർക്കാരിനായി ഏക സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് തയാറാക്കിയത്.
കരടുരേഖ ദിവസങ്ങൾക്കുള്ളിൽ സർക്കാരിനു കൈമാറുമെന്നു സമിതി അധ്യക്ഷയും സുപ്രീം കോടതി മുൻ ജഡ്ജിയുമായ രഞ്ജന ദേശായ് വ്യക്തമാക്കിയിരുന്നു.
ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഇറക്കുമെന്നാണു സൂചന.
ഉത്തരാഖണ്ഡിന്റെ കരട് അടിസ്ഥാനമാക്കിയാക്കും ഏക സിവിൽ കോഡ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുകയെന്നാണ് വിലയിരുത്തൽ.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
ജെൻഡർ തുല്യത ഉറപ്പാക്കിയുള്ള ബില്ലാണ് ഉത്തരാഖണ്ഡിലേതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മത വ്യത്യാസമില്ലാത്തെ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്ത് വീതം വയ്ക്കൽ, മാതാപിതാക്കളോടുള്ള കരുതൽ, ദത്തെടുക്കൽ, വിവാഹമോചനം തുടങ്ങിയവയിൽ തുല്യത കരടിൽ ശുപാർശ ചെയ്യുന്നുണ്ട്.
വിവാഹപ്രായ ഏകീകരണം, ലിവ്–ഇൻ റിലേഷൻഷിപ്പുകൾ, ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടികള്, വിവാഹ റജിസ്ട്രേഷൻ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം, ചെറുപ്രായത്തിൽ കുട്ടികൾ ഉണ്ടാകുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ ദേശായി കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.
ഇരുപതിനായിരത്തോളം ആളുകളെ നേരിൽ കണ്ടും വിവിധ മാർഗങ്ങളിലൂടെ ലഭിച്ച 2.3 ലക്ഷം അഭിപ്രായങ്ങൾ പരിശോധിച്ചുമാണു രേഖ തയാറാക്കിയതെന്നും, മറ്റു രാജ്യങ്ങളിലെ നിയമസംവിധാനങ്ങൾ വരെ പരിശോധിച്ചെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ധാമി സർക്കാർ ഏക സിവിൽ കോഡിന്റെ വ്യവസ്ഥകൾ തയാറാക്കാൻ സമിതിയെ നിയോഗിച്ചത്.