Latest Malayalam News - മലയാളം വാർത്തകൾ

രണ്ടരമണിക്കൂറിനകം ലഭിക്കുന്ന ഫലം അറിയാൻ രണ്ടുദിവസം; നിപ പരിശോധനയ്ക്ക് കടമ്പകളേറെ

KERALA NEWS TODAY-കോഴിക്കോട്: കേരളത്തെ വിട്ടൊഴിയാത്ത ഭീതിയായി നിപ ഉണ്ടെങ്കിലും രോഗസ്ഥിരീകരണത്തിന് കടമ്പകളേറെ.
രണ്ടരമണിക്കൂറുകൊണ്ട് പരിശോധനാഫലം നൽകാനാവുന്ന ലാബുകൾ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഉണ്ടെങ്കിലും അവിടെയൊന്നും നിപ പരിശോധനയ്ക്ക് അനുമതിയില്ല.

ലക്ഷണങ്ങളുമായി രോഗിയെത്തിയാൽ ഡോക്ടർക്ക് സംശയംതോന്നിയാലും ആശുപത്രികളിൽ നേരിട്ട് ടെസ്റ്റ് നടത്താനാവില്ല. ആദ്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടണം. അതുകഴിഞ്ഞാൽ രോഗിയുടെ ലക്ഷണങ്ങളും വിവരങ്ങളുമെല്ലാം ഉൾപ്പെടുത്തി ഫോം പൂരിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ. പിന്നീട് അതിസുരക്ഷയോടെ സാംപിളെടുത്ത് പകർച്ചവ്യാധിനിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മെഡിക്കൽ കോളേജിലെത്തിക്കണം.

തുടർന്ന് മെഡിക്കൽ കോളേജിൽ പരിശോധന നടത്തും. അവിടെത്തന്നെ സ്ഥിരീകരിക്കാനാവുമെങ്കിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുമാത്രമേ വിവരം ഔദ്യോഗികമായി പുറത്തുവിടാൻ അനുമതിയുള്ളൂ. അതിനാൽ മെഡിക്കൽ കോളേജിൽനിന്ന് അവിടേക്ക് അയക്കുകയാണ് പതിവ്.

രണ്ടരമണിക്കൂർകൊണ്ട് കിട്ടാവുന്ന ഫലം ലഭിക്കാൻ രണ്ടുദിവസം വരെയെടുക്കും. ഫലം വരുന്നതുവരെ രോഗിയുമായി ബന്ധപ്പെട്ടവരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമെല്ലാം ക്വാറന്റീനിൽ കഴിയേണ്ടിവരുകയും ആശങ്കയിലാവുകയും ചെയ്യും.

വലിയ ആശുപത്രികളിൽ ഇത്തരം നടപടിക്രമങ്ങളെല്ലാം ചെയ്യാൻ പ്രത്യേകസംഘമുണ്ടെങ്കിലും മറ്റിടങ്ങളിൽ ഡോക്ടർമാർതന്നെ ചെയ്യേണ്ട സ്ഥിതിയുണ്ട്.

Leave A Reply

Your email address will not be published.