KERALA NEWS TODAY THRISSUR :തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ ശോഭ കെടുത്താനാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ സർക്കാർ വേട്ടയാടുകയാണ്. കേസിൽ കോഴിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. സുരേഷ് ഗോപിയെ സിപിഎം ഭയപ്പെടുന്നത് കൊണ്ടാണ് പുതിയ കേസ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലാക്കഥ കൊണ്ടും വേട്ടയാടൽ കൊണ്ടും ഭാരതീയ ജനതാ പാർട്ടിയേയോ സുരേഷ് ഗോപിയേയോ നശിപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. തൃശൂരിൽ ജനം നൽകുന്ന പിന്തുണ വർധിക്കുക മാത്രമേ ഇതുകൊണ്ട് സംഭവിക്കൂ എന്നും കേന്ദ്രമന്ത്രി പത്തനംതിട്ടയിൽ പ്രതികരിച്ചു.
