KERALA NEWS TODAY വിയ്യൂർ (തൃശൂർ): ചേറൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി.
കല്ലടിമൂലയിൽ മണ്ണത്ത്വളപ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനാണു ഭാര്യ സുലിയെ (45) ഉറക്കത്തിൽ കൊലപ്പെടുത്തിയത്.
അർധരാത്രിയിലായിരുന്നു സംഭവം.
മരണം ഉറപ്പാക്കിയ ശേഷം ഉണ്ണിക്കൃഷ്ണൻ പുലർച്ചെ ഒന്നിന് വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംശയവും സാമ്പത്തിക തർക്കങ്ങളുമാണു കൊലപാതകത്തിന് ഇടയാക്കിയതെന്നാണു വിവരം.
20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാലുദിവസം മുൻപാണ് ഉണ്ണിക്കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തിയത്.
അവസാനം ലീവിൽ വന്നു മടങ്ങിപ്പോയ ശേഷം ഇയാൾ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 96 ലക്ഷം രൂപ അയച്ച് കൊടുത്തിരുന്നതായി പറയുന്നു. ഇൗ പണമെല്ലാം തീർന്ന് ഇപ്പോൾ ഭാര്യയ്ക്ക് 8 ലക്ഷം രൂപ കടമുണ്ടത്രെ. പണം ചെലവഴിച്ചതിനെക്കുറിച്ചും കടം വന്നതിനെക്കുറിച്ചും ഇരുവരും തമ്മിൽ തർക്കവും വഴക്കും നടന്നിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പണം ഭാര്യയുടെ ആൺ സുഹൃത്തിനു കൈമാറിയെന്നാണ് ഉണ്ണിക്കൃഷ്ണന്റെ ആരോപണം.
വിയ്യൂർ പൊലീസെത്തിയാണ് കിടപ്പ് മുറിയിൽ ചോരയിൽ കുളിച്ച് കിടന്ന മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഉണ്ണിക്കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. മക്കൾ: അപർണ, അശ്വിൻ.