KERALA NEWS TODAY – തൃക്കാക്കര : രാത്രി കച്ചവടം നിരോധിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.
തീരുമാനവുമായി നഗരസഭ മുന്നോട്ടു പോയാൽ നിയമപരമായി നേരിടും.
എട്ടിനു ചേരുന്ന നഗരസഭ കൗൺസിലിൽ രാത്രി നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ ഹോട്ടൽ അടക്കമുള്ള കടകൾ രാത്രി അടച്ചിടണമെന്ന് നിർദ്ദേശം വന്നത്.
പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് രാത്രി 11:00 മണി മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടണമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പോലീസിന്റെയും എക്സൈസിന്റെയും വ്യാപാരികളുടെയും സംയുക്ത യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു. നഗരസഭയുടെ നീക്കം പ്രതിഷേധാർഹം
ആണെന്നാണ് വ്യാപാരികളുടെ നിലപാട്. രാത്രിയിൽ കടകൾക്ക് പ്രവർത്തന അനുമതി നിഷേധിച്ചാൽ നിയമപരമായി നേരിടാനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.
കൊച്ചിയിൽ രാത്രികാല കച്ചവടം സജീവമായ പ്രദേശങ്ങളാണ് തൃക്കാക്കരയും കാക്കനാടും. ഹോട്ടലുകളും തട്ടുകടകളും കേന്ദ്രീകരിച്ചാണ് കച്ചവടം പ്രധാനമായും നടക്കുന്നത്.
ലഹരി ഉപയോഗം നിയന്ത്രിക്കാനായി മറൈൻഡ്രൈവിലും രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കൊച്ചി കോർപ്പറേഷൻ തയ്യാറെടുത്തിരുന്നു.
എന്നാൽ, വിമർശനങ്ങൾ ഉയർന്നതോടെ തീരുമാനം പിന്നീട് പിൻവലിച്ചു. തൃക്കാക്കരയിലും പൊതുജനങ്ങളിൽ നിന്ന് എതിർപ്പ് ഉയരാനാണ് സാധ്യത. എട്ടാം തീയതി ചേരുന്ന നഗരസഭ കൗൺസിൽ അന്തിമ തീരുമാനം ഉണ്ടാകും.