മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠൻ, ഭാര്യ റീന, മാതാവ് സരസ്വതി എന്നിവരാണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പറയുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മണികണ്ഠന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും ആത്മഹത്യയാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവ സമയത്ത് എല്ലാവരും ഒരു മുറിയിലായിരുന്നു എന്നതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.