KERALA NEWS TODAY THIRUVANATHAPURAM:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ദേശിയ ചലച്ചിത്ര പുരസ്കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാകും. സുഡാനിലെ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ‘ഗുഡ്ബൈ ജൂലിയ’ ആണ് ഉദ്ഘാടന ചിത്രം.ലോക സിനിമ വിഭാഗത്തിൽ 62 ചിത്രങ്ങൾ ഉൾപ്പെടെ 19 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ 15 വേദികളിലാണ് പ്രദർശനം. പലസ്തീന് ഐക്യദാർഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദർശിപ്പിക്കും. 12000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയിൽ എത്തുന്നത്. നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകരും ഭാഗമാകും. ഒരൊറ്റ വേദികളിലെയും 70 ശതമാനം സീറ്റുകൾ റിസർവ് ചെയ്തവർക്കും 30 ശതമാനം റിസർവ് ചെയ്യാത്തവർക്കുമായാണ് മാറ്റിയിട്ടുള്ളത്.