Latest Malayalam News - മലയാളം വാർത്തകൾ

‘147 ദിവസമായി അവർ ദുരിതമനുഭവിക്കുന്നു; പ്രധാനമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല’

NATIONAL NEWS-ന്യൂഡൽഹി : മണിപ്പുരിലെ സംഘർഷങ്ങളിലും അക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.
‘കഴിവില്ലാത്ത’ മുഖ്യമന്ത്രിയെ പുറത്താക്കൂവെന്ന് ആവശ്യപ്പെട്ട അദ്ദേഹം മണിപ്പുർ യുദ്ധക്കളമായി മാറിയെന്നും പറഞ്ഞു.
ജൂലൈ 6 മുതൽ കാണാതായിരുന്ന 2 മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘‘147 ദിവസമായി മണിപ്പുരിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം സന്ദർശിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല.
അക്രമത്തിൽ വിദ്യാർഥികളെ ലക്ഷ്യമിടുന്നതിന്റെ ചിത്രങ്ങൾ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആയുധമാക്കിയതായി വ്യക്തമാണ്’’– അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. അക്രമത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ ‘കഴിവില്ലാത്തവൻ’ എന്ന് പരിഹസിച്ചു. മുഖ്യമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

2 മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരുന്നു. 17 വയസ്സുള്ള വിദ്യാർഥിനിയുടെയും 20 വയസ്സുള്ള സുഹൃത്തിന്റെയും കൊലയ്ക്കു മുൻപും പിൻപുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിക്കു മുൻപിൽ ആയിരക്കണക്കിനു വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. സംഘർഷത്തിൽ മുപ്പതോളം പേർക്കു പരുക്കേറ്റു.

Leave A Reply

Your email address will not be published.