Kerala News Today-കൊച്ചി: ഒന്‍പത് മാസമായി നൈജീരിയയുടെ കസ്റ്റഡിയിലായിരുന്ന എണ്ണക്കപ്പല്‍ മോചിപ്പിച്ചു. എംടി ഹീറോയിക് ഇഡുനിലെ ജീവനക്കാരുടെ പാസ്പോർട്ടുകൾ ഇന്ന് കൈമാറും. കപ്പലിലെ 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാർ, മൂന്ന് മലയാളികൾ. കൊച്ചിക്കാരായ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി.വിജിത് എന്നിവരാണു കപ്പലിലുള്ളത്.
ജീവനക്കാർ കുറ്റക്കാരല്ലെന്നു നൈജീരിയൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞു വെച്ച കപ്പൽ നവംബറിലാണ് നൈജീരിയയ്ക്കു കൈമാറിയത്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കപ്പലിൻ്റെ മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പുയർന്നിരുന്നു. ഓഗസ്റ്റ് എട്ടിന് നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് ഇരയാകുകയായിരുന്നു.
Kerala News Today