KERALA NEWS TODAY-തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 5 മണിക്ക് .
ഇന്നലെ രാവിലെ ഏഴു മണിയോടെ ആരംഭിച്ച പരിശോധനയാണ് ഏതാണ്ട് 22 മണിക്കൂറിനു ശേഷം പുലർച്ചെ അഞ്ചോടെ അവസാനിച്ചത്.
നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്.
ആദ്യമായാണു കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്.
25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡിക്കു ലഭിച്ചിരുന്നു.
ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് റെയ്ഡ് നടത്തിയത് .
ഈടില്ലാതെയോ വ്യാജരേഖകൾ ഈടാക്കിയോ വായ്പ നൽകിയതും ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചു കള്ളപ്പണം വെളുപ്പിച്ചതുമടക്കമുള്ള തട്ടിപ്പുകളാണു 300 കോടി വരുമെന്നു കണ്ടെത്തിയിട്ടുള്ളത്.
കൊച്ചിയിൽനിന്ന് ഇഡി അഡീഷനൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിലെത്തിയത്. അനിൽകുമാറിനെയും സതീശനെയും ബാങ്കിനു പരിചയപ്പെടുത്തിയതു മൊയ്തീനാണെന്ന സൂചന ഇഡി പരിശോധിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാൻ കരുവന്നൂർ ബാങ്ക് കൂട്ടുനിന്നുവെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു.