Kerala News Today-കമ്പം: അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി.
എറണാകുളം സ്വദേശിയായ റബേക്ക ജോസഫിൻ്റെ ഹർജിയിലാണ് ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി നാളെ രാവിലെ പത്തരക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിർദേശം.
നിലവില്‍ കമ്പത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി തിരുനെല്‍വേലിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.
കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്.
രണ്ടു മയക്കുവെടി വെച്ചു. മൂന്നു കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സ് വാഹനത്തില്‍ കയറ്റിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവെക്കുന്നത്.
Kerala News Today