KERALA NEWS TODAY KOLLAM:കൊല്ലം: കൊല്ലത്ത് അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽമലയെന്ന സ്ഥലത്ത് വനത്തിൽ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഇന്നലെ പകൽ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാൽ കനത്ത മൂടൽ മഞ്ഞും വനത്തിൽ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. പത്ത് മണിക്കൂറോളം നീണ്ട ആശങ്കയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതോടെ അവസാനമായത്. കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് തിരികെ പോകാൻ അനുവദിച്ചു.