KERALA NEWS TODAY PATHANAMTHITTA:പത്തനംതിട്ട: അടുത്ത മാസം മുതൽ പുതിയ സമയക്രമവുമായി റോബിൻ ബസ്. യാത്രക്കാരുടെ സൗകര്യാർഥം ഫെബ്രുവരി ഒന്നുമുതൽ അടൂരിൽ നിന്നാകും ബസ് കോയമ്പത്തൂരിലേക്ക് പുറപ്പെടുക. പുലർച്ചെ 3:30ന് അടൂരിൽനിന്ന് സർവീസ് തുടങ്ങുന്ന ബസ് നാലുമണിക്ക് പത്തനംതിട്ടയിൽ എത്തും. രാവിലെ 11 മണിക്ക് കോയമ്പത്തൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് ബസുടമ ബേബി ഗിരീഷ് ‘സമയം മലയാള’ത്തോട് വ്യക്തമാക്കി.നിലവിൽ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12:30നാണ് കോയമ്പത്തൂരിൽ എത്തിച്ചേരുന്നത്. യാത്രക്കാരുടെ സൗകര്യാർഥമാണ് അടുത്ത മാസം മുതൽ പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്നു ബേബി ഗിരീഷ് പറഞ്ഞു. പുതിയ സമയക്രമീകരണം റോബിന് മുൻപേ നിലവിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയെ വെല്ലുവിളിക്കാനല്ല. റോബിൻ്റെ യാത്രക്കാർ 11 മണിയോടെ കോയമ്പത്തൂരിൽ എത്തിച്ചേർന്നാൽ അവർക്ക് കൂടുതൽ സമയം അവിടെ ചെലവഴിക്കാനാകും. കൂടാതെ, കാലടി പാലത്തിലെ അടക്കം ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്ര വൈകിട്ട് ആറുമണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുമണിയോടെ ഓഫീസിൽനിന്ന് ഇറങ്ങുന്നവർക്ക് പുതിയ സമയക്രമം ആശ്വാസകരമാകും. രാത്രി 12:30ന് പത്തനംതിട്ടയിലും ഒരുമണിക്ക് അടൂരിലും എത്തിച്ചേരുമെന്നും ബേബി ഗിരീഷ് പറഞ്ഞു.കഴിഞ്ഞ മാസം 26 മുതൽ തൻ്റെ ബസ് ഭംഗിയായി സർവീസ് നടത്തുന്നുണ്ടെന്നും ബേബി ഗിരീഷ് ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന വകുപ്പ് രാവിലെയും വൈകുന്നേരവും പരിശോധന നടത്തുന്നുണ്ട്. രാവിലെ അഞ്ചുമണിക്ക് പരിശോധന നടത്തി സർവീസ് അരമണിക്കൂറോളം താമസിപ്പിക്കും. അതിന് ചെറിയൊരു പ്രതികാരം കൂടിയാണ് സർവീസ് ഒരുമണിക്കൂർ നേരത്തെയാക്കുന്നത്. ഇവര് ബൂട്ടുമൊക്കെയിട്ട് നേരത്തെതന്നെ വരട്ടെ. യാത്രക്കാരുടെ വിവരങ്ങളടക്കം എല്ലാവിധ പരിശോധനയും അധികൃതർ നടത്തിയ ശേഷമാണ് തൻ്റെ ബസ് കോയമ്പത്തൂരിലേക്ക് പോകുന്നത്. അതുകൊണ്ട് യാത്രക്കാർക്ക് ധൈര്യമായി യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.