Latest Malayalam News - മലയാളം വാർത്തകൾ

സിക്കിം മിന്നൽ പ്രളയം: 26 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 56 ആയി

NATIONAL NEWS – ന്യൂഡൽഹി: സിക്കിം വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം 56 ആയി.
ഒക്ടോബർ 4ന് വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ അപ്രതീക്ഷിത മേഘസ്‌ഫോടനത്തെ തുടർന്ന് ടീസ്‌റ്റ നദിയിലെ ജലനിരപ്പ് വർധിച്ചതോടെയാണ് ദുരന്തമുണ്ടായത്. മിന്നൽ പ്രളയത്തിൽ എട്ട് സൈനികർ ഉൾപ്പെടെയാണ് 56 പേർ മരണപ്പെട്ടത്.

ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിരുന്നു.
ഇത് ജലനിരപ്പ് 15-20 അടി വരെ ഉയരാൻ കാരണമായി. സിക്കിമിലും ടീസ്‌റ്റ ഒഴുകുന്ന പശ്ചിമ ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലുമായി കാണാതായ സൈനികർ ഉൾപ്പെടെയുള്ള 142 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് വിന്യസിച്ചിരുന്ന 23 ഇന്ത്യൻ സൈനികരാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്.
കൂടാതെ, സിങ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്‌തിരുന്ന സൈനിക വാഹനങ്ങൾ ഉൾപ്പെടെ 39 വാഹനങ്ങളും ചെളിയിൽ മുങ്ങുകയോ ഒഴുകിപ്പോകുകയോ ചെയ്‌തിട്ടുണ്ട്‌.

സൈന്യവും മറ്റ് ഏജൻസികളും ഉടൻ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
കണ്ടെടുത്ത 26 മൃതദേഹങ്ങളിൽ എട്ടെണ്ണം സൈനികരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ശേഷിക്കുന്ന സൈനികർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

വടക്കൻ സിക്കിമിലെ ലാചുങ്, ലാചെൻ താഴ്‌വരകളിൽ ഏകദേശം 1500 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭക്ഷണം, വൈദ്യസഹായം, സാറ്റലൈറ്റ് ടെർമിനലുകൾ വഴി ടെലിഫോൺ കണക്റ്റിവിറ്റി എന്നിവ നൽകി പ്രാദേശിക ഭരണകൂടത്തിനൊപ്പം സൈന്യവും സഹായവുമായി രംഗത്തുണ്ട്.

സൈന്യം പ്രത്യേക ഹെൽപ്പ് ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്, കുടുങ്ങിപ്പോയ എല്ലാ വിനോദസഞ്ചാരികളുടെയും വീട്ടിലുള്ള കുടുംബാംഗങ്ങളെ അവരുടെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.