Latest Malayalam News - മലയാളം വാർത്തകൾ

ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ടു: വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം ഈടാക്കാൻ ആർഡിഒയുടെ വാഹനം ജപ്തി ചെയ്തു

KERALA NEWS TODAY-കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ ഒരു
കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ നഷ്ടപരിഹാരം ഈടാക്കാനായി കോടതി കാഞ്ഞങ്ങാട് ആർഡിഒയുടെ വാഹനം ജപ്തി ചെയ്തു.
ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹർജിയിലാണ് ഹൊസ്ദുർഗ് സബ് കോടതിയുടെ നടപടി.
വാഹനത്തിന്റെ മൂല്യം നിർണയിച്ച് 25ന് റിപ്പോർട്ട് നൽകാൻ മോട്ടർവാഹന വകുപ്പിനു കോടതി നിർദേശം നൽകി.
ഈ കേസിൽ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു.
19 വർഷവും 4 മാസവും പഴക്കമുള്ള വാഹനം വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ
വാഹനം എന്ന നിലയിൽ ആർഡിഒയുടെ വാഹനം ജപ്തി ചെയ്യാൻ ഹൊസ്ദുർഗ് സബ് ജഡ്ജി എം.സി.ബിജു ഉത്തരവിട്ടത്.
പലിശ അടക്കം 8 ലക്ഷം രൂപയാണ് പരാതിക്കാരിക്കു നഷ്ടപരിഹാരമായി നൽകേണ്ടത്.

1995 ലാണ് കമലാക്ഷിയുടെ ഇടതു കണ്ണിന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
തുടർന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാട്ടി കമലാക്ഷി
ഹൊസ്ദുർഗ് സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
1999ൽ ഫയൽ ചെയ്ത കേസിൽ 2018ല്‍ വിധി വന്നു.
2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്.
ഒരു വർഷം കഴിഞ്ഞും വിധി നടപ്പിലാക്കിയില്ല എന്നു കാട്ടി 2019ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു.
തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
അപ്പീൽ നൽകുന്നതിന് ജില്ലാ ആശുപത്രിയിലെ വാൻ ആണ് ഹൊസ്ദുർഗ് സബ് കോടതിയിൽ ഈടായി നൽകിയത്.

സർക്കാർ നൽകിയ അപ്പീൽ കഴിഞ്ഞ വർഷം ഹൈക്കോടതി തള്ളിയതോടെ ഈട് നൽകിയ വാന്‍ കഴിഞ്ഞ മാസം ജപ്തി ചെയ്യുകയായിരുന്നു.
ഈ വാഹനത്തിന്റെ വില മോട്ടർ വാഹനവകുപ്പ് മൂല്യനിർണയം നടത്തി നിശ്ചയിച്ചത് 30,000 രൂപയായിരുന്നു.
അതിനാല്‍ ആണ് ഈ വാഹനം വേണ്ടെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചത്.
ആർഡിഒയുടെ വാഹനം കൊണ്ടു പോകാനായി കോടതി ജീവനക്കാർ എത്തിയപ്പോൾ വാഹനം ആദ്യം ഓഫിസിൽ ഉണ്ടായിരുന്നില്ല.
പിന്നീട് കോടതി തന്നെ ഇടപെട്ട് വാഹനം കോടതിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കോടതിയിൽ എത്തിച്ചത്.

Leave A Reply

Your email address will not be published.