Latest Malayalam News - മലയാളം വാർത്തകൾ

യാത്രക്കാരായി എത്തിയത് ഏഴുപേര്‍; തമിഴ്‌നാട്- ശ്രീലങ്ക കപ്പലിന്റെ യാത്ര മുടങ്ങി

NATIONAL NEWS-തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള യാത്രക്കപ്പലിന്റെ ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി.
ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്.
150 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ശനിയാഴ്ചത്തെ ഉദ്ഘാടനയാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരാണുണ്ടായിരുന്നത്. യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച് ഈ മാസം 23-ന് ഗതാഗതം നിര്‍ത്തിവെക്കും. ജനുവരിയില്‍ പ്രതിദിന സര്‍വീസ് പുനരാരംഭിക്കും

ഒക്ടോബര്‍ 10-ന് തുടങ്ങുമെന്നറിയിച്ചിരുന്ന സര്‍വീസ് ആദ്യം 12-ലേക്കും പിന്നീട് 14-ലേക്കും മാറ്റിയിരുന്നു. ഈ അനിശ്ചിതത്വം കാരണമാണ് യാത്രക്കാര്‍ കുറഞ്ഞതെന്നാണ് കരുതുന്നത്. നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തുടങ്ങിയ കപ്പല്‍സര്‍വീസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷ. ലക്ഷദ്വീപില്‍ സര്‍വീസ് നടത്തിയിരുന്ന കപ്പലാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നികുതിയടക്കം 7,670 രൂപയാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. 50 കിലോവരെ ഭാരമുള്ള ബാഗേജ് സൗജന്യമായി കൊണ്ടുപോകാം.

Leave A Reply

Your email address will not be published.