Latest Malayalam News - മലയാളം വാർത്തകൾ

വയനാട്ടിൽ രണ്ടാമത്തെ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു

കൽപ്പറ്റ : വയനാട്ടിൽ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട സമുച്ചയത്തിലെ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്.

വിജയകരമായ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗിയുമായി മന്ത്രി സംസാരിച്ചു. ടി. സിദ്ദിഖ് എംഎല്‍എയുടെ ഫോണിലൂടെ വീഡിയോ കോള്‍ മുഖേനയാണ് മന്ത്രി ആശുപത്രിയിലെ രോഗിയുമായി സംസാരിച്ചത്. ഇടുപ്പുവേദനയെ തുടര്‍ന്നാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ 71 കാരിയായ തങ്കം ചികിത്സ തേടിയത്. ഇടുപ്പ് വേദന കാരണം നടക്കുവാനോ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഇടുപ്പ് സന്ധി പൂര്‍ണമായും തേയ്മാനം ബാധിച്ച് നശിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സങ്കീര്‍ണമായ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്.

Leave A Reply

Your email address will not be published.