Kerala News Today-മലപ്പുറം: നിലമ്പൂർ കുതിരപ്പുഴയിൽ കാണാതായ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തെരച്ചിൽ ആരംഭിച്ചത്.
ഇന്നലെ പുലർച്ചെയാണ് ഇവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു.
എൻ.ഡി.ആർ.എഫും അഗ്നിശമനസേനയുമാണ് തെരച്ചിൽ നടത്തുന്നത്. ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് കുതിരപ്പുഴയിൽ അമരമ്പലം പാലത്തിന് സമീപം സൗത്ത് ശിവക്ഷേത്ര കടവിൽ അഞ്ചു പേരടങ്ങുന്ന കുടുംബം ഇറങ്ങിയത്.
അമരമ്പലം സൗത്ത് സ്വദേശിനി കൊട്ടാടൻ സന്ധ്യ(32) മക്കളായ അനുശ്രീ(12), അനുഷ (12), അരുൺ(11), മാതാവ് സുശീല(55) എന്നിവരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ 3 പേർ രക്ഷപ്പെട്ടു.
അനുഷയും അരുണും നീന്തി രക്ഷപ്പെട്ട്, ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെത്തി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തിരച്ചിലിനിടെ സന്ധ്യ രണ്ട് കി.മീ താഴെ ചെറായി കടവിൽ കയറി രക്ഷപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കുടുംബസമേതം ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറയുന്നു. സന്ധ്യ ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, അസുഖത്തെത്തുടർന്ന് രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായതെന്നും അറിയുന്നു.
Kerala News Today