KERALA NEWS TODAY – ന്യൂഡല്‍ഹി: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസ്താവനയെ പ്രതിരോധിക്കാന്‍ തന്റെ മുന്‍ പരാമര്‍ശം ആയുധമാക്കിയതില്‍ മറുപടിയുമായി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
പ്ലാസിറ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് നല്കിയ മറുപടി മറ്റൊരു അവസരത്തിലായിരുന്നുവെന്ന് തരൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അതിനെ ഷംസീറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല.
വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഭേദമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എട്ടൊമ്പത് വര്‍ഷം മുമ്പുള്ള കഥയാണത്. മനുഷ്യന്റെ ശരീരത്തില്‍ ആനയുടെ തലവെച്ച ഗണപതിയുടെ ശരീരം, ഭാരതത്തിലാണ് പ്ലാസ്റ്റിക് സര്‍ജറി ആരംഭിച്ചത് എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഒരു ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറഞ്ഞത്, പ്ലാസ്റ്റിക് സര്‍ജറി ഭാരതത്തില്‍ ആരംഭിച്ചു എന്നതില്‍ ഒരു സംശയവുമില്ല എന്നാണ്.
റൈനോപ്ലാസ്റ്റി എന്ന മൂക്കിന്റെ ഓപ്പറേഷന് സുശ്രുതൻ ചെയ്തിട്ടുണ്ട്. അത് ലോകത്തിലെ ആധ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണ്.
അത് എങ്ങനെ ചെയ്തു, ശസ്ത്രക്രിയാ നടപടികള്‍ എന്താണ്, എന്ത് ഉപകരണം ഉപയോഗിക്കണം എന്നതിക്കെ തെളിവ് കണ്ടുപിടിച്ചിട്ടുണ്ട്. യാഥാര്‍ഥ്യം നോക്കിയാല്‍ ഇത് ഇന്ത്യയുടെ വലിയ അഭിമാനമാണെന്ന് പറയാന്‍ സാധിക്കും. അതിന്റെ ഇടയില്‍ ഗണപതിയുടെ കഥയും മതത്തേയും കൊണ്ടുവരേണ്ട ആവശ്യമില്ല’, ശശി തരൂര്‍ പറഞ്ഞു.
‘ഞാന്‍ ഗണേശ ഭക്തനാണ്, ഗണപതിയെ പൂജിച്ചാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുക. പക്ഷേ, എനിക്ക് ഗണേശന് ഒരു സങ്കല്‍പ്പമാണ്.
അതിനെ ലിട്രലായി എടുക്കരുത്’, തരൂര്‍ വ്യക്തമാക്കി.
‘ദൈവത്തെ പല അവതാരങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും എന്നാണ് ഋഷിമാര്‍ പഠിപ്പിച്ചത്. 330 കോടി പേരുകളും രൂപങ്ങളും നമുക്ക് മനസില്‍ വെക്കാം.
അങ്ങനെയുള്ള സാഹചര്യത്തിലെ കഥയാണത്. അതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് അന്ന് പറഞ്ഞത്.
അതിനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും താത്പര്യപ്പെട്ടിരുന്നില്ല.
എന്റെ വിശ്വാസത്തെക്കുറിച്ച് വേറെ ആളുകളോട് തര്‍ക്കിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. എന്റെ സുഹൃത്ത് ഷംസീറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, വിശ്വാസമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കമന്റടിക്കാതിരിക്കുന്നതാണ് ഭേദം. എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാതിരിക്കുന്നത്?’, തരൂര്‍ പ്രതികരിച്ചു.