NATIONAL NEWS-മുംബൈ : 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. തുടര്‍ച്ചയായ നാലാം വിജയുമായി കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി.
ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയാണ് കേരളം നാലാം വിജയമാഘോഷിച്ചത്.
ഏഴുറണ്‍സിനാണ് കേരളത്തിന്റെ വിജയം.
അര്‍ധസെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ഹീറോ.
കേരളം ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചണ്ഡീഗഢിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിനായി സഞ്ജു 32 പന്തില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 52 റണ്‍സെടുത്തു.
47 റണ്‍സെടുത്ത വരുണ്‍ നായനാരും 42 റണ്‍സ് നേടിയ വിഷ്ണു വിനോദും 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും കേരളത്തിനായി തിളങ്ങി. കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു.
194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ചണ്ഡീഗഢിനായി നായകനും ഓപ്പണറുമായ മനന്‍ വോറ ഒറ്റയ്ക്ക് പൊരുതിയെങ്കിലും വിജയം നേടാനായില്ല. താരം പുറത്താവാതെ 61 പന്തില്‍ നിന്ന് 95 റണ്‍സെടുത്തെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. ഭഗ്മെന്‍ന്ദര്‍ ലാതര്‍ 31 റണ്‍സെടുത്തു. കേരളത്തിനായി ബേസില്‍ തമ്പി, വിനോദ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.