Latest Malayalam News - മലയാളം വാർത്തകൾ

സ്വവർഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും സാധിക്കില്ല

NATIONAL NEWS-ന്യൂ‍ഡൽഹി : സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ച്, സ്വവര്‍ഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.
സ്വവര്‍ഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി മിനിറ്റുകള്‍ക്കകമാണ് ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇതു റദ്ദായത്.
ദത്തെടുക്കുന്ന വിഷയത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റിസിനോട് യോജിച്ചപ്പോൾ, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ വിയോജിച്ചു.

ഹർജിയിലുള്ള തന്റെ പ്രത്യേക വിധിപ്രസ്താവത്തിലാണ് ചീഫ് ജസ്റ്റിസ്, സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കിയത്.
സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല.
മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്.
ഒരു കുഞ്ഞിന് സമ്പൂർണ സുരക്ഷിതത്വം നൽകാൻ സ്ത്രീ–പുരുഷ ദമ്പതികൾക്കു മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവും ലഭ്യമല്ല.

സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (സിഎആർഎ) സർക്കുലർ ഭരണഘടനയുടെ 15–ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിച്ചു.

എന്നാൽ ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക്‌ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് വളരാന്‍ സ്ഥിരതയുള്ള സാഹചര്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ വിവാഹിതരല്ലാത്ത ദമ്പതിമാരോ സ്വവര്‍ഗ ദമ്പതിമാരോ നല്ല മാതാപിതാക്കളല്ലെന്ന് ഇതില്‍ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഹിമ കോലിയും പി.എസ്.നരസിംഹയും രവീന്ദ്ര ഭട്ടിനോട് യോജിച്ചു.

Leave A Reply

Your email address will not be published.