KERALA NEWS TODAY THIRUVANANTHAPURAM :യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസിലാണ് റുവൈസ് അറസ്റ്റിലായത്. ഹര്‍ജി പരിഗണിക്കവെ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാൽ തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയിയെ അറിയിച്ചു.
ഇക്കഴിഞ്ഞ 20ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴും റുവൈസ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ള, പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വ്യക്തിയെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ റുവൈസിന്റെ വീട്ടുകാർ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.