NATIONAL NEWS-ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ വിവരാവകാശ നിയമ (ആര്‍.ടി.ഐ.)ത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
ആര്‍.ടി.ഐ. നിലവില്‍ വന്നതിന്റെ പതിനെട്ടാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് എക്‌സില്‍ മോദിസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.
ചരിത്രപ്രധാനമായ വിവരാവകാശ നിയമം നിലവില്‍ വന്നതിന്റെ 18-ാം വാര്‍ഷികമാണ് ഇന്ന്.
2014 വരെയെങ്കിലും അത് പരിവര്‍ത്തനോന്മുഖമായിരുന്നു.
എന്നാല്‍ അതിന് ശേഷം മോദിസര്‍ക്കാര്‍ ആ നിയമത്തെ ദുര്‍ബലപ്പെടുത്താനും വ്യവസ്ഥകളുടെ കാഠിന്യം കുറയ്ക്കാനും പ്രധാനമന്ത്രിയുടെ വാഴ്ത്തുപാട്ടുകാരെ കമ്മിഷണര്‍മാരായി നിയമിക്കാനും അപേക്ഷകള്‍ തള്ളാനുമുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്, ജയ്‌റാം രമേശ് എക്‌സിലെ കുറിപ്പില്‍ പറയുന്നു.
ആര്‍.ടി.ഐ. വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിക്ക് തന്നെ ഏറെ നാണക്കേടുണ്ടാക്കിയതാണ് ആദ്യത്തെ ഭേദഗതികള്‍ക്ക് വഴിവെച്ചത്. ചില ഭേദഗതികളെ ഞാന്‍ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തിരുന്നു. ആര്‍.ടി.ഐ. അതിവേഗം ആര്‍.ഐ.പി./ ഓം ശാന്തി നിലയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതി ഹർജി കേള്‍ക്കുമെന്ന് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു, അദ്ദേഹം കുറിച്ചു.
ആര്‍.ടി.ഐയില്‍ പ്രധാന ഭേദഗതികള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ 2019 ജൂലായ് 25-ന് നടത്തിയ ഇടപെടലിന്റെ വീഡിയോയും ജയ്‌റാം രമേശ് പങ്കുവെച്ചിട്ടുണ്ട്.