Latest Malayalam News - മലയാളം വാർത്തകൾ

മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു

KERALA NEWS TODAY – കൊച്ചി: ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ടാറ്റ ഓയിൽ മിൽസിൽ അസി.
അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവിൽപ്പറമ്പിൽ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബർ 5ന് ആണ് ജനനം. അച്ഛൻ ആർഎസ്എസ് അനുഭാവിയായിരുന്നു.

സെന്റ് ആൽബർട്സിലും മഹാരാജാസിലും പഠനം. ബിഎസ്‌സിക്കു പഠിക്കുമ്പോഴാണ് 1948ൽ ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനെ നിരോധിക്കുന്നത്. തുടർന്ന് ഹരി ജയിലിലായി. 5 മാസത്തെ ജയിൽവാസം.
ബിഎ ഇക്കണോമിക്സ് ‍എടുത്ത് വീണ്ടും ബിരുദ പഠനം നടത്തി. പിന്നെ, സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി. 1951ൽ ഹരി മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി. 1989 വരെ കേരളത്തിൽ പ്രാന്ത് പ്രചാരക് ആയി.

1990ൽ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 91ൽ ബൗദ്ധിക് പ്രമുഖും. 1990 മുതൽ 2005 വരെയായിരുന്നു ബൗദ്ധിക് പ്രമുഖ് സ്ഥാനം വഹിച്ചത്. ആർഎസ്എസ് രീതിപ്രകാരം 75–ാം വയസ്സിൽ എല്ലാ ഔദ്യോഗിക ചുമതകളിൽനിന്ന് ഒഴിഞ്ഞു. 2 വർഷംകൂടി ചില പ്രത്യേക ചുമതലകൾ തുടർന്നു. 2007 മുതൽ പ്രചാരക് മാത്രം.
2000ൽ ഉത്തരേന്ത്യയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആർ. ഹരിക്കു മലയാളമൊഴികെ മറ്റു ഭാഷകളെല്ലാം ഓർമയിൽനിന്ന് നഷ്ടപ്പെട്ടു. പിന്നീടു ചികിൽസയ്ക്കുശേഷമാണ് അവ തിരിച്ചുകിട്ടിയത്. അതിനുശേഷം കനപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകൾ അറിയാവുന്ന ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വ്യാസഭാരതത്തിലെ ദ്രൗപതി’ എന്ന പുസ്തകം ആർ.ഹരിയുടേതാണ്.

Leave A Reply

Your email address will not be published.