Latest Malayalam News - മലയാളം വാർത്തകൾ

രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് കോൺഗ്രസിൽ കലാപക്കൊടി

KERALA NEWS TODAY-കാസർകോട് : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന് സാധ്യത ഏറിയതോടെ, പാർട്ടിക്കുള്ളിൽ വിരുദ്ധപക്ഷം സജീവമായി രംഗത്ത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും രഹസ്യ യോഗം വിളിച്ചുമാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള നീക്കം.

സെപ്തംബർ ഒന്‍പതിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍കോട്ട് നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താൻ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ശക്തമായത് ഇതിന് ശേഷമായിരുന്നു.
ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയെ വെട്ടാനുള്ള നീക്കവുമായി ഉണ്ണിത്താൻ വിരുദ്ധ പക്ഷം സജീവമായത്.

നീലേശ്വരത്ത് ഒരു ഹോട്ടലില്‍ ഈ നേതാക്കൾ രഹസ്യ യോഗം ചേർന്നു.
ഒരു പടികൂടി കടന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ തന്നെ രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് പരസ്യ പ്രസ്താവന നടത്തിയത്.
എന്നാൽ ലക്ഷ്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയെന്ന് വ്യക്തമായി. എന്നാൽ ഡിസിസി നേതൃത്വവും പാർട്ടി സംസ്ഥാന നേതൃത്വവും ഇടപെട്ട് കോൺഗ്രസിൽ നിന്ന് കരിമ്പിൽ കൃഷ്ണനെ സസ്പെന്റ് ചെയ്തു.

പിന്നാലെ കോണ്‍ഗ്രസ് മണ്ഡലം സമവായ കമ്മറ്റിയിലെ പതിനൊന്നില്‍ ആറ് പേരും രാജിവച്ചു. ഇവരെല്ലാം രാജ്മോഹന്‍ ഉണ്ണിത്താന്‍ വിരുദ്ധരാണെന്നതും ശ്രദ്ധേയം. അതേസമയം കരിമ്പിൽ കൃഷ്ണൻ അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലായിരുന്നുവെന്നും പരസ്യ പ്രസ്താവന പാടില്ലായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് ഫൈസൽ പ്രതികരിച്ചു. കാസർകോട് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ മത്സരിച്ചാൽ മാത്രമേ ജയിക്കാൻ കഴിയൂ. അതിനാൽ അദ്ദേഹം തന്നെ മത്സരിക്കണമെന്നാണ് ഡിസിസിയുടെ താത്പര്യമെന്നും ഫൈസൽ പറഞ്ഞു.

Leave A Reply

Your email address will not be published.