Kerala News Today-തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. രണ്ടുപേരും ആലപ്പുഴ ജില്ലക്കാരാണ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.
വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് രാജിക്ക് കാരണം. മറ്റൊരു വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വിശാഖ് പത്തിയൂർ രാജിവെച്ചതിന് പിന്നാലെയാണ് അനന്തനാരായണനും രാജിവച്ചത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കെ സുധാകരനും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ആളുകളും സമ്മർദ്ദം ശക്തമാക്കിയതോടെയാണ് രാജിയെന്നാണ് വിവരം.
പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞവർ സംഘടനയിൽ ഉണ്ടാകരുതെന്ന നിർദ്ദേശങ്ങളൊന്നും ബൈലോയിൽ ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡന്റടക്കം പ്രായത്തിൽ ഇളവ് നേടിയാണ് ഭാരവാഹിത്വത്തിലേക്ക് വന്നത്.
Kerala News Today