കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്സിക്’. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ എന്ന ടാഗ്‌ലൈനോടെയുള്ള സിനിമയുടെ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വർഷം ഏപ്രിൽ 10 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
യഷിനൊപ്പം ഒരു വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയാണിത്. ഇവരുടെയെല്ലാം ഡേറ്റുകൾ ഒരുമിച്ച് ലഭിക്കേണ്ടതും ആവശ്യമാണ്. ഇതും ഷെഡ്യൂൾ നീട്ടുന്നതിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും സൂചനയുണ്ട്. അതേസമയം ആഗസ്റ്റ് ആദ്യവാരത്തിൽ സിനിമയുടെ സുപ്രധാന സീക്വൻസുകൾ ചിത്രീകരിക്കുമെന്നാണ് സൂചന. സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോർട്ട്.