പൊള്ളുന്ന ചൂടിന് ആശ്വാസമായി അബുദാബിയിൽ മഴയെത്തി. ഇതോടെ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വേനൽ മഴ എത്തിയതോടെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദബി പൊലീസ് ജാഗ്രതാ നിർദേശം നൽകി.ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മെർക്കുറി റീഡിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും വരെ എത്താൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അന്തരീക്ഷത്തിലെ ഈർപ്പം വീണ്ടും ഉയരും. ചില തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ വരെ ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു.