Latest Malayalam News - മലയാളം വാർത്തകൾ

ശത്രുതയോടെ സമീപിച്ചാൽ സൈന്യം തക്കതായ മറുപടി നൽകും: രാജ്നാഥ് സിങ്

NATIONAL NEWS-ന്യൂഡൽഹി : ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാക്കിസ്ഥാന്റെ അതിരുകടന്നുള്ള ഭീകരതയ്ക്കുമിടയിൽ ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമാണ്.
ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു പ്രത്യേക പരിശീലനം നൽകി വരികയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
77–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
‘‘നമ്മൾ സമാധാനം തേടുന്നവര്‍ മാത്രമല്ല. നമ്മുടെ പ്രവൃത്തിയിലൂടെ സമാധാനത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ആരെങ്കിലും നമ്മെ ദുരുദ്ദേശ്യത്തോടെയോ ശത്രുതയോടെയോ സമീപിച്ചാൽ നമ്മുടെ സൈന്യം അതിനു തക്കതായ മറുപടി നൽകും.’’– രാജ്നാഥ് സിങ് വ്യക്തമാക്കി.

ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിൽ സൈനികരുെട പങ്ക് വളരെ വലുതാണ്.
ജീവൻ പണയപ്പെടുത്തി അതിർ‌ത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.
‘‘മികച്ച ആയുധങ്ങളും പരിശീലനവും നൽകുമ്പോഴാണ് സൈന്യത്തിന് അവരുടെ മികവ് തെളിയിക്കാൻ സാധിക്കുന്നത്.
ഇത് അവരുടെ മനോധൈര്യം വർധിപ്പിക്കുകയും വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നമ്മുടെ സർക്കാര്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സൈനികർക്ക് കൂടുതല്‍ ഉപകരണങ്ങളും പരിശീലനവും നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.’’– രാജ്നാഥ് സിങ് പറഞ്ഞു.

രാജ്യം 77–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ 140 കോടി ജനങ്ങളും സൈന്യത്തിനൊപ്പമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ‘‘രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഓക്സിജന്‍ കുറവുള്ള കാർഗിലിലെ മഞ്ഞുമലകളിൽ നിൽക്കുകയായിരിക്കും നിങ്ങൾ. അല്ലെങ്കില്‍ ആഴക്കടലിലെ അന്തർവാഹിനികളിലോ ചുട്ടുപൊള്ളുന്ന ഥാർ മരുഭൂമിയിലോ ആയിരിക്കും നിങ്ങൾ. എവിടെയായാലും 144 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ നിങ്ങൾ വസിക്കുന്നു എന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.’’– രാജ്നാഥ് സിങ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.