NATIONAL NEWS-ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ കോൺഗ്രസിന് ആവേശവും ആത്മവിശ്വാസവും പകർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ‘വിജയഭേരി’ ബസ് യാത്ര നടത്തി.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മുലുഗുവിലെ രാമപ്പ ക്ഷേത്രത്തിൽ ഇരുവരും പ്രാർഥിച്ചു.
തുടർന്നാണ് രാമാനുജപുരത്തേക്ക് 30 കിലോമീറ്റർ ബസ് യാത്ര തുടങ്ങിയത്.
മുലുഗു, ഭൂപാൽ പള്ളി ഭാഗങ്ങളിൽ കാത്തുനിന്ന് സ്ത്രീകളുമായി രാഹുലും പ്രിയങ്കയും സംവദിച്ചു.
തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി മൂന്നുദിവസം തെലങ്കാനയിലുണ്ടാകും. പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ്. സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരം തങ്ങൾക്കു വലിയ നേട്ടമാകുമെന്നും അവർ പറഞ്ഞു.
ആറ്് ഉറപ്പുകളാണ് തെലങ്കാനയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, വീട്ടമ്മമാർക്ക് പ്രതിമാസം 2500 രൂപ, വീടുകളിൽ 200 യൂണിറ്റ് സൗജന്യവൈദ്യുതി എന്നിവ അതിലുൾപ്പെടുന്നു. രാഹുലിന്റെ റാലികളിൽ ഇതിന് പരമാവധി പ്രചാരണം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. തെലങ്കാനയിലെ 199 അംഗ നിയമസഭയിലേക്ക് നവംബർ 30-നാണ് തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സർക്കാരാണ് തെലങ്കാനയിലേതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തെ 40 ലക്ഷത്തോളം യുവാക്കൾ തൊഴിലില്ലാതെ ദുരിതമനുഭവിക്കുകയാണ് -പ്രിയങ്ക മുലുഗുവിൽ നടന്ന പ്രചാരണസമ്മേളനത്തിൽ ആരോപിച്ചു.