Latest Malayalam News - മലയാളം വാർത്തകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

NATIONAL NEWS-ന്യൂഡല്‍ഹി : രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ ഒരുക്കിയത്.
ഐഐടികള്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5ജി ലാബുകള്‍ നിര്‍മിച്ചിട്ടുണ്ട്.

രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നമ്മള്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുക മാത്രമല്ല. 6ജി സാങ്കേതിക വിദ്യയിലെ നേതാക്കളാകാനുള്ള ദിശയില്‍ സഞ്ചരിക്കുക കൂടിയാണ്. 2ജി കാലത്ത് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് 4ജി വ്യാപിച്ചു എന്നാല്‍ അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് യാതൊരു കളങ്കവുമേറ്റില്ല. 6ജി സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കും എന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആവശ്യങ്ങളും ആഗോളതലത്തിലുള്ള ആവശ്യങ്ങളും നിറവേറ്റുന്ന 5ജി ആപ്ലിക്കേഷനുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണ് ‘100 5ജി ലാബ്‌സ് സംരംഭം’. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഊര്‍ജം, ഗതാഗതം തുടങ്ങി വിവിധ സാമൂഹിക സാമ്പത്തിക മേഖലകളില്‍ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ രാജ്യത്തെ മുന്‍നിരയിലേക്ക് നയിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.