പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. തുടർന്ന് കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂർത്തിയാക്കി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ ഹെലികോപ്റ്ററിൽ സുരക്ഷാ ഉദ്യോഗസ്ഥരും മീഡിയ സംഘവും ആയിരുന്നു ഉണ്ടായിരുന്നത്. എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലിറങ്ങിയ പ്രധാനമന്ത്രി ഉടൻ തന്നെ റോഡ് മാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടു. മൂന്ന് മണി വരെ ദുരന്ത മേഖലയിൽ മോദി തുടരും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.
