KERALA NEWS TODAY – തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍നിന്ന് ഫോണ്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.
സന്തോഷിന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക്, ജയിലില്‍ കഴിയുന്ന തടവുകാരന്റെ ബന്ധുവിന്റെ അക്കൗണ്ടില്‍നിന്നു പണമയച്ചതും പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ജയിലില്‍നിന്നു പിടിച്ചെടുത്ത ഫോണിലേക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ വിളികളെത്തിയിരുന്നു.
കൂടുതല്‍ വിളിച്ചത് സന്തോഷ് കുമാറാണ്. തടവുകാരുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
റിമാന്‍ഡ് ചെയ്ത പ്രതിയെ ആദ്യം ജില്ലാ ജയിലിലേക്കയച്ചെങ്കിലും അവിടെ ജോലിചെയ്തിരുന്നതിനാല്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കു മാറ്റി.
കഴിഞ്ഞ മാസം 27-നാണ് ജയിലില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ സൂപ്രണ്ട് പൂജപ്പുര പോലീസിനു കൈമാറുന്നത്. സന്തോഷ് നേരത്തേ സെന്‍ട്രല്‍ ജയിലിലാണ് ജോലിചെയ്തിരുന്നത്. രണ്ടര മാസം മുന്‍പാണ് സബ് ജയിലിലേക്കു മാറിയത്.