KERALA NEWS TODAY KANNUR:
കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ – സ്മാർട്ട് വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷനിൽ ഹോട്ടൽ ഉടമയിൽനിന്ന് 25,000 രൂപ പിഴയിടാക്കി. ഇക്കഴിഞ്ഞ ഒൻപതിന് രാത്രി പള്ളിയാമൂലയിലാണ് സംഭവം.ജനവാസമേഖലയിൽ മാലിന്യം കത്തിക്കുന്നുവെന്ന് നാട്ടുകാരാണ് ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എംപി രാജേഷിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ കണ്ണൂർ കോർപറേഷൻ ആരോഗ്യവിഭാഗം നൈറ്റ് സ്ക്വാഡ് പരിസരവാസികളിൽനിന്നു മൊഴി എടുക്കുകയും ഹോട്ടൽ കണ്ടെത്തുകയുമായിരുന്നു.
പയ്യാമ്പലത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസമേഖലയിൽ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ഹംസ സിആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്ക്വാഡാണ് നടപടി എടുത്തത്.പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും ഇത്തരത്തിലുള്ള കർശന നിയമനടപടി ഉണ്ടാകും. രാത്രിയും പകലും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി രാജേഷ് അറിയിച്ചു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറണമെന്നാണ് നിയമം. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും കത്തിക്കുന്നത് ഇത്തരത്തിൽ പിഴ അടക്കേണ്ട കുറ്റമായി മാറിയിട്ടുണ്ട്.