KERALA NEWS TODAY-തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശുപാർശകൾ വിശദമായി പഠിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു.
2021 ഏപ്രിലിൽ പുനഃപരിശോധനാസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം വിവരാവകാശ കമ്മിഷണർ നിർദേശിച്ചിട്ടു പോലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതു സംബന്ധിച്ച കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.
2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ഒന്നര ലക്ഷം ജീവനക്കാരാണ് അംഗങ്ങൾ.
ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായപ്പോഴാണ് സമിതിയെ ചുമതലപ്പെടുത്തിയത്. സമിതി നൽകിയ റിപ്പോർട്ട് 2 വർഷമായിട്ടും സർക്കാർ പരിശോധനയ്ക്കെടുത്തില്ല.
ശമ്പള പരിഷ്കരണത്തിന്റെയും ക്ഷാമബത്തയുടെയും കുടിശിക നൽകാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നതിനിടെയാണ് ജീവനക്കാരുടെ മുഖ്യ ആവശ്യങ്ങളിലൊന്നിൽ മന്ത്രിസഭ തീരുമാനമെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതും ഇൗ തീരുമാനത്തിനു കാരണമായി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നും പകരം ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നുമാണു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശ എന്നാണു സൂചന.
ഒന്നുകിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകി പദ്ധതി നിലനിർത്തുക എന്നീ രണ്ടു മാർഗങ്ങളാണു സർക്കാരിനു മുന്നിലുള്ളത്. പെൻഷൻ പദ്ധതിയിലേക്കുള്ള സർക്കാർ വിഹിതം കേന്ദ്ര സർക്കാരും പല സംസ്ഥാനങ്ങളും കൂട്ടിയിട്ടും കേരളം വർധിപ്പിക്കാൻ തയാറായിട്ടില്ല.