KERALA NEWS TODAY THRISSUR :തൃശൂർ: തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ റോഡ്ഷോയുടെ സമയത്താണ് മിനിപൂരം ഒരുക്കാൻ പദ്ധതിയിടുന്നത്.ജനുവരി മൂന്നിന് റോഡ് ഷോ സമയത്ത് പൂരം ഒരുക്കാൻ സുരക്ഷാ അനുമതി തേടി. അനുമതി ലഭിച്ചാൽ 15 ആനകളെ അണി നിരത്തി പൂരം നടത്തും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതിന് പുറമെ, നിലവിൽ പൂരം പ്രദർശനവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടെയിലാണ് പാറമേക്കാവ് ദേവസ്വത്തിൻ്റെ നീക്കമെന്നതാണ് ശ്രദ്ധേയം.തറവാടക വർധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കുന്നതിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച യോഗത്തിലും തീരുമാനമായിരുന്നില്ല. വിഷയത്തിൽ ജനുവരി നാലിന് സർക്കാർ തീരുമാനമെടുക്കുമെന്ന വിവരം കൈമാറുമെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ഇതോടെയാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. മന്ത്രിമാരുമായി നടത്തിയ ചർച്ച പ്രഹസനമായതായി തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും ആരോപിച്ചു.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത്. മഹിളാസംഗമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ജനുവരി മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് വടക്കുന്നാഥ ക്ഷേത്ര മൈതാനത്താണ് പരിപാടി നടക്കുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വനിതാ സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക