KERALA NEWS TODAY KOZHIKODE:കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തോടെയായിരുന്നു 2023 കോഴിക്കോട് തുടങ്ങിയത്. പാട്ടും താളവും സന്തോഷവുമായി തുടങ്ങിയ വർഷം നഗരം അവസാനിപ്പിക്കുന്നതാകട്ടെ ഒരുപിടി നേട്ടങ്ങളുമായാണ്. യുനെസ്കോയുടെ സഹിത്യ നഗരം പദവിയ്ക്ക് ശേഷം ഡിസംബറിൽ മറ്റൊരു പൊൻതൂവൽകൂടി കോഴിക്കോടിനെ തേടിയെത്തി. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ പത്താം സ്ഥാനമാണ് ജില്ല സ്വന്തമാക്കിയത്. പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോട് തന്നെയാണ്.ഈ വർഷവും നിപ വൈറസ് ബാധ കോഴിക്കോടിനെ പിടിച്ചുലച്ചിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം നാട്ടുകാരും കൈകോർത്തതോടെ വൈറസ് ഭീതിയെ അതിർത്തി കടത്തി കോഴിക്കോട്ടുകാർ. ഇതിന് പിന്നാലെയായിരുന്നു യുനെസ്കോയുടെ സഹിത്യ നഗരം പദവി ജില്ലയെ തേടിയെത്തിയത്. രാജ്യത്ത് തന്നെ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമെന്ന ഖ്യാതിയോടെയായിരുന്നു ഈ നേട്ടം. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിലും കോഴിക്കോട് ഇടംപിടിച്ചത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ(എൻസിആർബി) യുടെ പുതിയ വിവരങ്ങളനുസരിച്ച് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ പത്താം സ്ഥാനമാണ് കോഴിക്കോട് നേടിയത്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.