KERALA NEWS TODAY KOLLAM:കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് ഒരു വർഷമായി നടന്ന ആസൂത്രണത്തിന് ശേഷമെന്ന് എഡിജിപി എം ആർ അജിത് കുമാർ. സാമ്പത്തികബാധ്യത തീർക്കാനാണ് പത്മകുമാറിൻ്റെ നേതൃത്വത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവദിവസം തന്നെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം നാലുമണിക്ക് ശേഷം പ്രതികൾ സംഭവസ്ഥലത്ത് എത്തി.
അറസ്റ്റിലായ പത്മകുമാറിന് കടുത്ത സാമ്പത്തികബാധ്യതയാണുള്ളത്. അഞ്ചുകോടിയുടെ കടബാധ്യതയുണ്ടെന്നാണ് പത്മകുമാർ വെളിപ്പെടുത്തിയത്. പത്മകുമാറിൻ്റെ വസ്തുക്കളിൽ പലതും പണയത്തിലാണ്. കൊവിഡിന് ശേഷം കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായെന്നും ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള തീരുമാനത്തിലേക്ക് പത്മകുമാർ എത്തിയതെന്ന് എഡിജിപി പറഞ്ഞു. കുട്ടിയെ യാതൊരു പരിക്കുകളുമില്ലാതെ രക്ഷിക്കാനായി. ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിയാണ് തട്ടിക്കൊണ്ടുപോകേണ്ട കുട്ടികളെ തെരഞ്ഞെത്. കഴിഞ്ഞ ഒന്നരമാസമായി ഈ രീതി തുടർന്നുവെന്ന് എഡിജിപി പറഞ്ഞു.മുൻപ് രണ്ടുതവണ കുട്ടിയെ തട്ടിയെടുക്കാൻ പ്രതികൾ ശ്രമം നടത്തി. ഒന്നരമാസത്തെ അന്വേഷണത്തിന് ശേഷം തട്ടിയെടുക്കാൻ എളുപ്പമുള്ള കുട്ടിയെ കണ്ടെത്തി. ഒരു തവണ അമ്മയും മറ്റൊരു തവണ അമ്മൂമ്മയും എത്തിയതിനാൽ തട്ടിക്കൊണ്ട് പോകൽ നടന്നില്ലെന്ന് എഡിജിപി വ്യക്തമാക്കി. രേഖാചിത്രം വരയ്ക്കാനുള്ള വിവരങ്ങൾ ആറുവയസ്സുകാരി തന്നെയാണ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.