Latest Malayalam News - മലയാളം വാർത്തകൾ

പൂമാനമേ…….ഗാനത്തോടെ വിദ്യാർത്ഥികളെ ആകർഷിക്കാൻ കാമ്പസ് പ്രണയം പ്രമേയമാക്കിയ വീഡിയോ മൂവാറ്റുപുഴ നിർമലാ കോളജ് പിൻവലിച്ചു

KERALA NEWS TODAY MUVATTUPUZHA:മൂവാറ്റുപുഴ നിർമല കോളജ് പുതിയ ബാച്ചിലേക്കുളള വിദ്യാർഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോ വിവാദത്തിൽ. സിറോ മലബാർ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലുള്ള കോളജിന്‍റെ മൂല്യങ്ങൾക്ക് അനുസരിച്ചുളള വീഡിയോ അല്ല അതെന്നും വീഡിയോ പുറത്ത് വിടരുതെന്ന് നിർദേശിച്ചതാണെന്നും പ്രസ്താവിച്ച കോളജ് മാനേജ്മെന്‍റ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനും നിർദേശിച്ചു. സ്വകാര്യ ഏജൻസിയാണ് വീഡിയോ തയാറാക്കിയത്
നിർമല കോളജ് ലൈബ്രറി പശ്ചാത്തലത്തില്‍ ക്യാംപസ് പ്രണയം പ്രമേയമാക്കിയാണ് കോളേജ് 2024ൽ വിവിധ ബാച്ചുകളിലേക്കുളള വിദ്യാർഥികളെ സ്വാഗതം ചെയ്ത് പരസ്യമിറക്കിയത്. മുട്ടത്തു വർക്കിയുടെ ഇണപ്രാവുകൾ നോവൽ വായിക്കുന്ന വിദ്യാർഥിയെ കാണിച്ചുകൊണ്ടാണ് വീഡിയോയ്ക്ക് തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഓസ്‌ലർ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടിയ 1985 ൽ റിലീസ് ചെയ്ത ‘നിറക്കൂട്ട്’ സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയിലാണ് വീഡിയോ . വീഡിയോ ഇങ്ങനെ. ലൈബ്രറിയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു. വിദ്യാർഥി അവളിൽ ആകൃഷ്ടനാകുന്നു. ലൈബ്രറിയിലെ പുസ്തക ഷെൽഫുകൾക്കിടയിൽ വെച്ച് ഇരുവരും മുഖത്തോടുമുഖം നോക്കുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് കൈപിടിച്ച് ലൈബ്രറിയിലൂടെ നടന്ന് നീങ്ങുന്നതുമാണ് ഇതിവൃത്തം. ഒടുവിൽ ഇതെല്ലാം ലൈബ്രറിയിൽവെച്ച് വിദ്യാർഥി കണ്ട പകൽക്കിനാവ് എന്ന നിലയിൽ അവതരിപ്പിച്ച് വായന മനസ് തുറക്കുമെന്നും സങ്കൽപങ്ങളെ ആളിക്കത്തിക്കുമെന്നാണ് എഴുതിക്കാണിക്കുന്നത്.സാഹിത്യത്തിന്‍റെ ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായും സ്ക്രീനിൽ തെളിയുന്നു. ഒടുവിലായി 2024 ബാച്ചിലേക്കുളള അഡ്മിഷൻ ആരംഭിച്ചതായും വീഡിയോയിലുണ്ട്.വീഡിയോ വൈറൽ ആയി വിവാദമായതിനെത്തുടർന്ന് കോതമംഗലം രൂപതയുടെ കോർപറേറ്റ് മാനേജ്മെന്‍റ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജിനോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.