KERALA NEWS TODAY-അത്താണി : കളമശ്ശേരി സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും കുലുക്കമില്ലാതെ മാര്‍ട്ടിന്‍ ഡൊമിനിക്.
അത്താണിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച കാര്യം പോലീസ് സൂചിപ്പിച്ചത്.
എന്നാല്‍, ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല കുമ്പിട്ടുള്ള നില്‍പ്പായിരുന്നു മറുപടി.
ഏഴു മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനിടെ ഒരു ഭാവമാറ്റവും മാര്‍ട്ടിനുണ്ടായിരുന്നില്ല.
അത്താണിയിലെ ഫ്‌ളാറ്റിലെ പെയിന്റിങ് ജോലികള്‍ ഏര്‍പ്പാട് ചെയ്യാന്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
വാടക തുക കൂട്ടുന്നതു സംബന്ധിച്ചും ചിലരുമായി സംസാരിച്ചതായി പറയുന്നു.
എന്നാല്‍, ഈ ദിവസങ്ങളില്‍ മാര്‍ട്ടിന്‍ വന്നത് ബോംബ് നിര്‍മിക്കാനാണെന്നാണ് പോലീസ് വിലയിരുത്തല്‍.
അത്താണിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്ന് മുറികളില്‍ താമസിച്ചിരുന്നത്. ഇവര്‍ ശനിയാഴ്ച ജോലി കഴിഞ്ഞാല്‍ വൈകീട്ട് നാട്ടിലേക്ക് പോകും. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് ജോലിക്കെത്തുക. ഈ സന്ദര്‍ഭം മുതലാക്കിയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഫ്‌ളാറ്റിലെ മുകളിലെ മുറി ബോംബുണ്ടാക്കാന്‍ മാര്‍ട്ടിന്‍ ഉപയോഗപ്പെടുത്തിയതെന്നാണ് സൂചന. മാര്‍ട്ടിന്റെ ബൈക്കിലാണ് പെട്രോളും ഗുണ്ടുകളും ബാറ്ററികളും വെള്ളിയാഴ്ച ഫ്‌ലാറ്റില്‍ കൊണ്ടുവന്നത്. ശനിയാഴ്ച ഫ്‌ളാറ്റില്‍ തങ്ങി ബോംബുണ്ടാക്കിയെന്നാണ് സൂചന. രാത്രിയോടെ തമ്മനത്തുള്ള വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ വീണ്ടും ഫ്‌ളാറ്റിലെത്തിയാണ് സ്‌ഫോടനം നടത്താന്‍ ബോംബുകളെടുത്ത് കളമശ്ശേരിയിലേക്ക് പോയത്.